നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
70 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ
പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ കവറേജ്
ന്യൂഡൽഹി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിനു കീഴിൽ, രാജ്യത്തെ 70 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ നൽകുമെന്ന് കേന്ദ്ര സർക്കാർ. നാലര കോടി കുടുംബങ്ങളിലെ ആറ് കോടി വയോധികർക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. സാമൂഹിക - സാമ്പത്തിക നിലയിലുള്ള വ്യത്യാസങ്ങൾ പദ്ധതിയുടെ ഗുണം ലഭിക്കുന്നതിന് തടസ്സമാകില്ല.
നിലവിൽ ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഭാഗമായ കുടുംബങ്ങളിലെ വയോധികർക്ക് (70 വയസിനു മുകളിൽ പ്രായമുള്ളവർക്ക്) അധികമായി അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് നേരത്തെ ഉള്ളതുപോലെ അഞ്ച് ലക്ഷത്തിന്റെ കവറേജ് തുടരും. നിലവിൽ മറ്റ് സർക്കാർ ഇൻഷുറൻസുകളുടെ ഗുണഭോക്താക്കളായ വയോധികർക്ക് അതിൽ തുടരുകയോ ആയുഷ്മാൻ ഭാരതിലേക്ക് മാറുകയോ ചെയ്യാൻ അവസരമുണ്ടാകും. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷയോ ഇ.എസ്.ഐ ഇൻഷുറൻസോ ഉള്ളവർക്കും ആയുഷ്‌മാൻ ഭാരതിന്റെ ഗുണം ലഭ്യമാക്കാം.