നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
68കാരന് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻ്റ് ചെയ്തു
ബസ് ജീവനക്കാരെക്കുറിച്ച് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
മലപ്പുറം: പെരിന്തൽമണ്ണയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ വയോധികന് ബസ് നിർത്തി കൊടുക്കാതെ മറ്റൊരു സ്റ്റോപ്പിൽ ഇറക്കിവിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻ്റ് ചെയ്തു. മലപ്പുറം ആർടിഒ ഡി റഫീക്കിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ സബ് ആർടിഒ രമേശാണ് ലൈസൻസ് റദ്ദ് ചെയ്തത്. പൂപ്പലം മനഴി ടാറ്റാനഗർ സ്വദേശി നൽകിയ പരാതിയിലാണ് ലൈസൻസ് സസ്പെൻ്റ് ചെയ്തത്.
ഒക്ടോബർ ഒമ്പതിനാണ് സംഭവം നടന്നത്. വൈകിട്ട് 4.40-ന് പെരിന്തൽമണ്ണ സ്വകാര്യ സ്റ്റാൻ്റിൽ നിന്നും വെട്ടത്തൂർ വഴി അലനല്ലൂരിൽ പോകുന്ന ബസിലാണ് 68 കാരൻ കയറിയത്. ളാഞ്ചേരിയിൽ നടന്ന സീനിയർ സിറ്റിസൺ കൺവെൻഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വയോധികൻ.
ഇറങ്ങേണ്ട മനഴി ടാറ്റാ നഗറിന് മുൻപുള്ള എല്ലാ സ്റ്റോപ്പിലും നിർത്തിയ ബസ് വയോധികന് ഇറങ്ങേണ്ട ടാറ്റാ നഗർ സ്റ്റോപ്പിൽ നിർത്താൻ അപേക്ഷിച്ചിട്ടും നിർത്താതെ പോയി. പിന്നീട് മറ്റൊരു സ്റ്റോപ്പിൽ ഇറക്കിവിട്ടതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് അധികൃതരുടെ കർശന ശിക്ഷ നടപടി.
ബസ് ജീവനക്കാരെക്കുറിച്ച് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അവർക്കു കൂടിയുളള താക്കീതാണ് ഇതെന്നും സബ് ആർടിഒ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്ന സ്ത്രീയെ വഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവർക്കെതിരെയും ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.