നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
537 ഗാനങ്ങളിൽ 24,000 നൃത്തചുവടുകൾ; മെഗാസ്റ്റാർ ചിരഞ്ജീവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്;
ബോളിവുഡ് താരം ആമിർ ഖാനാണ് ചിരഞ്ജീവിക്ക് ഗിന്നസ് പുരസ്‌കാരം സമ്മാനിച്ചത്.
തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ആണ് ചിരഞ്ജിവി. ബോക്സ് ഓഫീസില്‍ റെക്കോർഡുകൾ തീർത്ത നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോൾ മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. എറ്റവും കൂടുതൽ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ നൃത്ത ചുവടുകൾ വെച്ച നായകനായി ഗിന്നസ് വേൾഡ് റെക്കോർഡിലാണ് ചിരംഞ്ജീവി ഇടം പിടിച്ചിരിക്കുന്നത്.
156 സിനിമകളിലെ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകൾ വെച്ചതാണ് ചിരഞ്ജീവിയെ റെക്കോർഡിന് അർഹനാക്കിയത്. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോർഡിന്റെ സാക്ഷ്യപത്രം കൈമാറി. ചിരഞ്ജീവി അഭിനയിച്ച ആദ്യ ചിത്രം റിലീസ് ചെയ്തതിന്റെ 46 -ാം വാർഷികമായ സെപ്റ്റംബർ 22 ന് തന്നെയാണ് താരത്തിന് പുതിയ റെക്കോർഡും ലഭിച്ചത്. 1978 ലായിരുന്നു ചിരഞ്ജീവിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്.
ബോളിവുഡ് താരം ആമിർ ഖാനാണ് ചിരഞ്ജീവിക്ക് ഗിന്നസ് പുരസ്‌കാരം സമ്മാനിച്ചത്. ചിരഞ്ജീവിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിരഞ്ജീവിയുടെ നേട്ടം തെലുങ്ക് ജനതയ്ക്ക് അഭിമാനമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എക്‌സിൽ കുറിച്ചു.
തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിരഞ്ജീവി അഭിനയിച്ചിട്ടുണ്ട്. നേരത്തെ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ പുരസ്‌കാരവും ചിരഞ്ജീവിക്ക് ലഭിച്ചിരുന്നു.