നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
2100 രൂപയുടെ ഫുഡ് കൂപ്പൺ ദുരുപയോഗം ചെയ്തു;3 കോടി വരുമാനമുള്ള ജീവനക്കാരനെ ഉൾപ്പെടെ പുറത്താക്കി മെറ്റ
ലോസ് ആഞ്ജലിസ്: ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചർ ദുരുപയോഗം ചെയ്തുവെന്ന പേരിൽ 24 ജീവനക്കാരെ മെറ്റ പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ. ഏകദേശം 25 ഡോളറിൻ്റെ (2,101 രൂപ) വൗച്ചർ ദുരുപയോഗം ചെയ്ത ലോസ് ആഞ്ജലിസിലുള്ള ഓഫീസിലെ ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയത്. മൂന്നരക്കോടി രൂപയോളം വാർഷിക വരുമാനമുള്ള ജീവനക്കാരനും പുറത്താക്കിയവരിൽ ഉൾപ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഭക്ഷണത്തിന് പകരം ടൂത്ത്പേസ്റ്റ്, വെെൻ, സോപ്പ് മുതലായവ വാങ്ങാനായി ജീവനക്കാർ വൗച്ചർ ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ജോലിക്കെത്താത്ത സമയത്ത് പലരും വീട്ടിലേയ്ക്ക് ഭക്ഷണം വരുത്തിയതായും വിവരങ്ങളുണ്ട്. അന്വേഷണത്തിന് ഒടുവിലാണ് മെറ്റയുടെ പുറത്താക്കൽ നടപടി. ഭക്ഷണത്തിൻ്റെ വൗച്ചറിൽ ഗുരുതരമല്ലാത്ത തിരിമറി കാണിച്ച ചില ജീവനക്കാരെ പുറത്താക്കാതെ താക്കീത് നൽകി ക്ഷമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, മെറ്റയിൽ അടുത്ത റൗണ്ട് കൂട്ടപ്പിരിച്ചുവിടലും ആരംഭിച്ചിട്ടുണ്ട്. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. എത്രപേരെയാണ് ഇത്തവണ മെറ്റ പുറത്താക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.