Monday, December 23, 2024 5:18 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. 108 ആംബുലൻസ് ജീവനക്കാരുടെ സമരം 4ാം ദിവസത്തിൽ
108 ആംബുലൻസ് ജീവനക്കാരുടെ സമരം 4ാം ദിവസത്തിൽ

Local

108 ആംബുലൻസ് ജീവനക്കാരുടെ സമരം 4ാം ദിവസത്തിൽ

November 2, 2024/Local

108 ആംബുലൻസ് ജീവനക്കാരുടെ സമരം 4ാം ദിവസത്തിൽ


സർക്കാർ 10 കോടി നൽകിയിട്ടും കമ്പനി ശമ്പളം നൽകുന്നില്ലെന്ന് പരാതി

കൊച്ചി: സർവീസ് നിർത്തിവെച്ച് സിഐടിയുവിന്‍റെ ആഭിമുഖ്യത്തിൽ 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിൽ. 2010 ൽ ആരംഭിച്ച 108 ആംബുലൻസ് പദ്ധതിയിൽ ആദ്യമായിട്ടാണ് ഇത്രയും ദിവസം സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരം നടക്കുന്നത്. നാല് ദിവസമായി സംസ്ഥാനത്ത് 108 ആംബുലൻസ് സേവനം നിലച്ചെങ്കിലും നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം സിഐടിയു സംസ്ഥാന സെക്രട്ടറി ഗോപിനാഥമായും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായും കമ്പനി സംസ്ഥാന മേധാവി ശരവണൻ നടത്തിയ ചർച്ച വിജയം കണ്ടില്ല. സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്ന കമ്പനി നിലപാട് സിഐടിയു നിരാകരിച്ചു. സർക്കാരിൽ നിന്ന് 10 കോടി അടുത്തിടെ കിട്ടിയിട്ടും സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാം എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നാണ് സിഐടിയു ഭാരവാഹികൾ പറയുന്നത്.

ഇതിനിടയിൽ വെള്ളിയാഴ്ച സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം സ്വകാര്യ കമ്പനി ജീവനക്കാർക്ക് വിതരണം ചെയ്തു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം വിതരണം ചെയ്യുമെന്നാണ് സ്വകാര്യ കമ്പനിയുടെ നിലപാട് എന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇതോടെ സമരം തുടരാനാണ് സിഐടിയു തീരുമാനം. രണ്ടു മാസത്തെ ശമ്പളം എത്രയും പെട്ടെന്ന് നൽകുക, ഇൻക്രിമെന്റ് നടപ്പിലാക്കുക, ജീവനക്കാരെ അനാവശ്യമായി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്കുന്നത്.

2023 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെ സ്വകാര്യ കമ്പനി സർക്കാരിന് സമർപ്പിച്ച ബിൽ തുകയിൽ 90 കോടി രൂപയാണ് കുടിശ്ശികയുള്ളത്. കുടിശ്ശിക 100 കോടി പിന്നിട്ടപ്പോൾ അടിയന്തിര ധനസഹായമായി പത്തു കോടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനുവദിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പള വിതരണം നടന്നിരുന്നില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള 60% വിഹിതം ലഭിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.

108 ആംബുലൻസ് സേവനം നിലച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് രോഗികൾ. അപകടത്തിൽ പെടുന്നവരെയും മറ്റ് അത്യാഹിതങ്ങളിൽ പെടുന്നവരെയും, വിദഗ്ധ ചികിത്സയ്ക്കായി ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനും പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project