നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
‘10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചു; ഉപഭോക്താവിന് പൂർണ്ണ സംതൃപ്തി’; ഒല ഇലക്ട്രിക്
10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചെന്ന് ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിലാണ് പരിഹാരം കണ്ടതെന്നാണ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല അവകാശപ്പെടുന്നത്. പരാതി പരിഹരിച്ചതിലൂടെ ഉപഭോക്താവിന് പൂർണ്ണ സംതൃപ്തി നൽകിയെന്ന് കമ്പനി വിശദീകരിക്കുന്നു.
പരാതികൾ സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് 99.1 ശതമാനവും പരിഹരിച്ചെന്ന വിശദീകരണം നൽകിയത്. തെറ്റായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയിൽ നിന്ന് വിശദീകരണം തേടതിയത്.
ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പനാനന്തര സേവന നിലവാരത്തിലും അസംതൃപ്തരായ ഉപഭോക്താക്കളുടെ പരാതികൾ ചൂണ്ടിക്കാട്ടി സ്റ്റാൻഡ്-അപ്പ് കോമേഡിയൻ കുനാൽ കമ്ര ആശങ്ക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഓല സിഇഒ ഭവിഷ് അഗർവാളും കമ്രയും തമ്മിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ നടന്ന തുറന്ന വാക്പോരിലേക്ക് കടന്നിരുന്നു. തുടർന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയ്ക്ക് നോട്ടീസ് നൽകിയത്.
അഗർവാൾ-കമ്ര തർക്കത്തെക്കുറിച്ചുള്ള പൊതു പ്രതികരണങ്ങൾ ഭൂരിഭാഗവും കമ്രയുടെ പക്ഷത്തായിരുന്നു. ഒല ഉപഭോക്താക്കളെന്ന് അവകാശപ്പെടുന്ന നിരവധി ആളുകൾ കമ്രയുടെ പ്രസ്താവനകളെ പിന്തുണച്ചെത്തി. പരാതികളോടുള്ള മര്യാദയില്ലാത്ത പ്രതികരണത്തെക്കുറിച്ച് നിരവധി നെറ്റിസൺമാരും അഗർവാളിനെ വിമർശിച്ചു.