നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'രാഷ്ട്രീയ പാർട്ടികൾ പോഷ് നിയമ പരിധിയിൽ'; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം
ദില്ലി: പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ ഹർജിയുമായി കോടതിയെ സമീപിച്ചാൽ പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
തൊഴിലിടത്തിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക യോഗ മായ എം.ജി യാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടികളെയും എതിർകക്ഷികളാക്കിയാണ് ഹർജി എത്തിയത്.എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷിയാക്കണമെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്നും സുപ്രീം കോടതി പറഞ്ഞു. പിന്നീടാണ് ഹർജിക്കാരിയോട് തെരഞ്ഞെടുപ്പ് കമ്മീഷനെസമീപിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി തീർപ്പാക്കിയത്. കേസിൽ യോഗ മായക്ക് വേണ്ടി മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട് എന്നിവർ ഹാജരായി.