നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'ഓരോ ഇന്ത്യക്കാരനും നിങ്ങളോട് കടപ്പെട്ടിരിക്കണം'; രത്തന്‍ ടാറ്റ മുന്‍ പ്രധാനമന്ത്രിക്കെഴുതിയ കത്ത് പുറത്ത്
ദില്ലി: വ്യവസായി രത്തൻ ടാറ്റ മുന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന് എഴുതിയ കത്ത് പുറത്തുവിട്ട് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. 1996 ൽ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ അഭിസംബോധന ചെയ്ത് രത്തൻ ടാറ്റ സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് പുറത്തുവിട്ടത്. ഇന്ത്യയിൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിൽ റാവുവിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചാണ് കത്തെഴുതിയത്. ഇന്ത്യയുടെ ധീരവും ദീർഘവീക്ഷണമുള്ളതുമായ തീരുമാനത്തിന് ഓരോ ഇന്ത്യക്കാരനും നിങ്ങളോട് കടപ്പെട്ടിരിക്കണമെന്നും കത്തിൽ പറയുന്നു.
'ഇന്ത്യയെ ആഗോള സമൂഹത്തിൻ്റെ ഭാഗമാക്കിയതിന് നന്ദി. ഇന്ത്യയിൽ ആവശ്യമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത് നിങ്ങളുടെ മികച്ച നേട്ടമായി ഞാൻ എപ്പോഴും തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ സർക്കാരും ഇന്ത്യയെ സാമ്പത്തിക ലോക ഭൂപടത്തിൽ ഉൾപ്പെടുത്തുകയും ഞങ്ങളെ ഒരു ആഗോള സമൂഹത്തിൻ്റെ ഭാഗമാക്കുകയും ചെയ്തു. ഇന്ത്യയുടെ ധീരവും ദീർഘവീക്ഷണമുള്ളതുമായ തീരുമാനത്തിൽ ഓരോ ഇന്ത്യക്കാരനും നിങ്ങളോട് കടപ്പെട്ടിരിക്കണം. നിങ്ങളുടെ നേട്ടങ്ങൾ നിർണായകവും മികച്ചതുമാണെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു'- രത്തൻ ടാറ്റയുടെ കത്തില്‍ പറയുന്നു. 1996 ആഗസ്ത് 27-ന് ടാറ്റ ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസായ ബോംബെ ഹൗസിൽ നിന്നാണ് കത്തെഴുതിയത്. 'ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവ്' എന്ന് നരസിംഹ റാവുവിനെ വിശേഷിപ്പിക്കാറുണ്ട്.