നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'എന്നോടുണ്ടായിരുന്നത് മകനോടുള്ള സ്‌നേഹവും വാത്സല്യവും, വേദനയോടെ വിട'; ടി.പി മാധവനേക്കുറിച്ച് മോഹൻലാൽ
അന്തരിച്ച പ്രശസ്ത നടന്‍ ടി.പി മാധവനെ അനുസ്മരിച്ച് നടന്‍ മോഹന്‍ ലാല്‍. ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് തന്നോടുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു.
പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഉയരങ്ങളില്‍, സര്‍വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിന്‍ഗാമി, അഗ്‌നിദേവന്‍, നരസിംഹം, അയാള്‍ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വന്റി 20 അങ്ങനെ ഒട്ടനവധി സിനിമകള്‍. ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്.
ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിടയെന്നും മോഹന്‍ലാല്‍ കുറിച്ചു.
വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്ന ടി.പി മാധവന്‍ ബുധനാഴ്ചയാണ് അന്തരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 'അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
1975-ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയില്‍ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാള്‍ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാല്‍ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.