നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വോട്ടെടുപ്പില്‍ വിജയിച്ചിട്ടും തോറ്റുപോയ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍; കാരണം ഇലക്ട്രല്‍ കോളേജ്
2016ല്‍ ഹിലരി ക്ലിന്റന്റെ മുഖത്തുകണ്ട കണ്ണീരും രണ്ടായിരത്തില്‍ അല്‍ ഗോറിന്റെ മുഖത്തുണ്ടായ നിരാശയും ലോകം ഇന്നുമോര്‍ക്കുന്നു. ജനകീയ വോട്ടില്‍ വിജയിച്ചവരായിട്ടും ഇലക്ടറല്‍ കോളേജ് കാരണം ഡൊണാള്‍ഡ് ട്രംപിനും ജോര്‍ജ് ബുഷിനും മുന്‍പില്‍ ഈ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് അടിയറവു പറയേണ്ടിവന്നു, ഇരുവരും തോല്‍വിയുടെ രുചിയറിഞ്ഞു. ആ തോല്‍വികള്‍ യു.എസിലെ സവിശേഷമായ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തെളിവാണ്. അതു മനസ്സിലാക്കാന്‍, യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സങ്കീര്‍ണതകള്‍ അറിയണം.
ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പായ പ്രൈമറികളിലും കോക്കസുകളിലുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആരംഭം. തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തിലെ ജനുവരിയിലോ ഫെബ്രുവരിയിലോ ഇവ തുടങ്ങും. രാജ്യത്തെ രണ്ടു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍-ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍-എല്ലാ സംസ്ഥാനങ്ങളില്‍ നടത്തുന്ന മത്സരങ്ങളില്‍നിന്ന് വോട്ടര്‍മാര്‍ പ്രതിനിധികളെ (ഡെലിഗേറ്റ്സ്) തിരഞ്ഞെടുക്കുന്നു. ഭൂരിപക്ഷം പ്രതിനിധികളെ നേടുന്നയാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നു. പാര്‍ട്ടികളുടെ ദേശീയസമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളാണ് ഈ സമ്മേളനങ്ങളില്‍ അവരെ പ്രതിനിധാനംചെയ്യുക.
നവംബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കും. പല ജനാധിപത്യരാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് യു.എസിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം. ഇലക്ടറല്‍ കോളേജ് സംവിധാനമാണ് അതിനുകാരണം. അമേരിക്കന്‍ പൗരന്മാര്‍ അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നേരിട്ടല്ല. അവര്‍ യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളേജ് എന്നൊരു 538 അംഗ സമിതിയെയാണ്. 50 സംസ്ഥാനങ്ങളില്‍ ഓരോന്നിനും ജനസംഖ്യാനുപാതികമായാണ് ഇലക്ടര്‍മാര്‍. അങ്ങനെയാണ് 530 ഇലക്ടര്‍മാരുണ്ടായത്. മെയ്നും നെബ്രാസ്‌കയും ഒഴികെ, എല്ലാ സംസ്ഥാനങ്ങളിലും 'വിന്നര്‍-ടേക്ക്-ഓള്‍' രീതിയാണ്. കൂടുതല്‍ വോട്ടുനേടുന്നയാള്‍ക്ക് ആ സംസ്ഥാനങ്ങളെ എല്ലാ ഇലക്ടര്‍മാരെയും കിട്ടുന്ന സമ്പ്രദായമാണിത്. വിജയിക്കാന്‍ ഒരു സ്ഥാനാര്‍ഥി 538-ല്‍ 270 വോട്ട് ഉറപ്പാക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍, ഇലക്ടര്‍മാര്‍ ഡിസംബറില്‍ യോഗം ചേര്‍ന്ന് ഔദ്യോഗികമായി വോട്ടുരേഖപ്പെടുത്തും. ഒടുവില്‍, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഫലം സ്ഥിരീകരിക്കുന്നതിലെ നിര്‍ണായക ചുവടുവെപ്പാണ്. ഓരോ സംസ്ഥാനവും സ്വന്തമായി തിരഞ്ഞെടുപ്പ് നടത്തുകയും ഇലക്ടര്‍മാര്‍ ഫലം നിര്‍ണയിക്കുകയും ചെയ്യുന്നതിനാല്‍ യു.എസ്. തിരഞ്ഞെടുപ്പ് വികേന്ദ്രീകൃതസ്വഭാവമുള്ളതാണ്.
2020-ലെ തിരഞ്ഞെടുപ്പ് വിവാദപരമായിരുന്നു. വോട്ട് സാക്ഷ്യപ്പെടുത്തലിന് വെല്ലുവിളികളുണ്ടായി. 2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണമായിരുന്നു അതിന്റെ പരിസമാപ്തി. ഇതെല്ലാം നടന്നിട്ടും ഇലക്ടറല്‍ കോളേജ് ജോ ബൈഡന്റെ വിജയം സ്ഥിരീകരിച്ചു.
ഇലക്ടറല്‍ കോളേജിന്റെ ചരിത്രം
1787-ലെ ഭരണഘടനാ ഉടമ്പടിയിലൂടെയാണ് ഇലക്ടറല്‍ കോളേജ് സ്ഥാപിതമായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചെറിയ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടാനും ജനസംഖ്യയുള്ള പ്രദേശങ്ങള്‍മാത്രം തീരുമാനമെടുക്കുന്നത് തടയാനുമായി യു.എസ്. ഭരണഘടനയുടെ നിര്‍മാതാക്കള്‍ കൊണ്ടുവന്ന സംവിധാനമാണിത്. കോണ്‍ഗ്രസിലൂടെയോ ജനകീയ വോട്ടിലൂടെയോ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു പകരമായി, രൂപകല്പനചെയ്ത ഇലക്ടറല്‍ കോളേജിനെക്കുറിച്ച് ഇന്ന് നല്ലതും ചീത്തയുമായ അഭിപ്രായങ്ങളുണ്ട്. എങ്കിലും അതിപ്പോഴും യു.എസ്. ജനാധിപത്യത്തെ നിര്‍വചിക്കുന്ന സവിശേഷതയായി തുടരുന്നു.