നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വി ഡി സതീശന്‍ എയറില്‍ ഡയലോഗടിച്ചിട്ട് പോകരുത്, ആര്, എന്ത് എന്ന് പറയാതെയുള്ള ആരോപണം 30 സെക്കന്റ് റീല്‍ ആക്കാനേ കൊള്ളൂ; തുറന്നടിച്ച് സരിന്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ സിപിഐഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എന്ന ആരോപണത്തിന്റെ കൂടി ലിറ്റ്മസ് ടെസ്റ്റാകുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ പി സരിന്‍. തന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് മാറിയതെന്നും പി സരിന്‍ ട്വന്റിഫോര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന് അനുവദിച്ച എക്‌സ്‌ക്ല്യൂസിവ് അഭിമുഖത്തില്‍ പറഞ്ഞു. സീറ്റ് മോഹം കൊണ്ടല്ല താന്‍ പാര്‍ട്ടി വിട്ടത്. രാഷ്ട്രീയത്തിലാണ് തന്റെ വ്യക്തിത്വമുള്ളത്. തിരിച്ച് വ്യക്തിപരമായി മാത്രം രാഷ്ട്രീയത്തെ കാണുന്നയാളല്ല താന്‍. എഐസിസി ജയസാധ്യതയുണ്ടെന്ന് പറഞ്ഞ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ഹരിയാനയിലെ അതേ അവസ്ഥ പാലക്കാട് ആവര്‍ത്തിക്കാതിരിക്കാനാണ് താന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ ബോധ്യമാണെന്നും പാര്‍ട്ടി അത് ഇപ്പോള്‍ അംഗീകരിച്ച് തരില്ലെന്ന് തനിക്കറിയാമെന്നും സരിന്‍ പറഞ്ഞു. കാരണം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി താന്‍ ഒരു വലിയ സങ്കീര്‍ണത സൃഷ്ടിച്ചിരിക്കുന്നു. താന്‍ പാലക്കാട്ടെ തീരുമാനം പുനപരിശോധിക്കണമെന്ന് പലവട്ടം പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പോലും പാര്‍ട്ടിയെ അധികം പോറലേല്‍പ്പിക്കാത്ത തരത്തിലാണ് സംസാരിച്ചത്. എന്നാല്‍ താന്‍ ബിജെപിയുടെ ആളുകളുമായി സംസാരിച്ചെന്ന് വി ഡി സതീശന്‍ ആരോപണം ഉന്നയിച്ചു. എയറില്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. ആര്, എപ്പോള്‍ ഇതൊന്നും പറയാതെയുള്ള ആരോപണം 30 സെക്കന്റുള്ള റീലിന് മാത്രമേ കൊള്ളൂവെന്നും സരിന്‍ ആഞ്ഞടിച്ചു.
തൃശൂരില്‍ സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ മാറ്റാനുള്ള അവസരമാണ് പാലക്കാട് വന്നിരിക്കുന്നതെന്ന് സരിന്‍ പറഞ്ഞു. താന്‍ തന്റെ ബോധ്യം പറഞ്ഞു. ഇനി കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തട്ടേ. ജയിപ്പിക്കട്ടേ. എല്ലാം നോക്കാം. അതിനുമുന്‍പ് സീറ്റ് മോഹം കൊണ്ട് ചാടിപ്പോയി എന്നൊന്നും പറയേണ്ടതില്ലെന്നും സരിന്‍ വ്യക്തമാക്കി.