Monday, December 23, 2024 8:57 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. ലോറന്‍സ് ബിഷ്‌ണോയിയെ മുംബൈ പോലീസിന് തൊടാന്‍ കിട്ടില്ല, കാരണം നിയമത്തിലെ പഴുത്
ലോറന്‍സ് ബിഷ്‌ണോയിയെ മുംബൈ പോലീസിന് തൊടാന്‍ കിട്ടില്ല, കാരണം നിയമത്തിലെ പഴുത്

National

ലോറന്‍സ് ബിഷ്‌ണോയിയെ മുംബൈ പോലീസിന് തൊടാന്‍ കിട്ടില്ല, കാരണം നിയമത്തിലെ പഴുത്

October 16, 2024/National

ലോറന്‍സ് ബിഷ്‌ണോയിയെ മുംബൈ പോലീസിന് തൊടാന്‍ കിട്ടില്ല, കാരണം നിയമത്തിലെ പഴുത്

സല്‍മാന്റെ വീടിന് നേരെയുള്ള വെടിവെപ്പുമായി ബന്ധപ്പെട്ട് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് മുംബൈ പോലീസ് ശ്രമിച്ചെങ്കിലും മുടങ്ങുകയായിരുന്നു.

മുംബൈ: അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് ഉള്‍പ്പെട്ട രണ്ട് സുപ്രധാന കേസുകളാണ് ഏതാനും മാസങ്ങളുടെ ഇടവേളയില്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്‍.സി.പി. നേതാവ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയതും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവയ്പ്പുമാണ് ഈ കേസുകള്‍. ഗുരുതര സ്വഭാവമുള്ള ഈ രണ്ടും സംഭവങ്ങള്‍ ഉണ്ടായിട്ടും ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പോലീസിന് സാധിച്ചിട്ടില്ല.

സല്‍മാന്റെ വീടിന് നേരെയുള്ള വെടിവെപ്പുമായി ബന്ധപ്പെട്ട് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് മുംബൈ പോലീസ് നിരവധി തവണ ശ്രമിച്ചെങ്കിലും ഹോം മിനിസ്ട്രിയുടെ ഉത്തരവില്‍ ഉടക്കി ഇത് മുടങ്ങുകയായിരുന്നു. നിലവില്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയിയെ പാര്‍പ്പിച്ചിരിക്കുന്നത്. അയാളുടെ ജയില്‍മാറ്റം തടഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുമ്പുതന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാലാണ് മുംബൈ പോലീസിന് കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ലോറന്‍സ് ബിഷ്‌ണോയിയെ 2023 ഓഗസ്റ്റ് മാസത്തിലാണ് സബര്‍മതി ജയിലിലേക്ക് മാറ്റിയത്. ഇതിനുപിന്നാലെ സി.ആര്‍.പി.സി. ആക്ട് സെക്ഷന്‍ 268 അനുസരിച്ച് ഏതെങ്കിലും സംസ്ഥാനങ്ങളോ അന്വേഷണ ഏജന്‍സികളോ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതാണ് മുംബൈ പോലീസിന് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് തടസ്സം നില്‍ക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് 2023 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തേക്കായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനസരിച്ച് ഇത് വീണ്ടും നീട്ടിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ബാബ സിദ്ധിഖി വധക്കേസുമായും ലോറന്‍സ് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ മുംബൈ പോലീസിന് സാധിക്കാതെ വന്നേക്കും. ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനാണ് ജയില്‍മാറ്റം ഉള്‍പ്പെടെയുള്ളവ തടയുന്ന ഈ വകുപ്പ് സര്‍ക്കാരുകള്‍ പ്രയോജനപ്പെടുത്തുന്നതെന്നാണ് വിലയിരുത്തലുകള്‍.

2022-ല്‍ പഞ്ചാബി ഗായകനായ സിദ്ധു മൂസവാലയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്ണോയ് എന്ന ഗുണ്ടാനേതാവ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. എന്‍.സി.പി. നേതാവ് ബാബ സിദ്ധിഖിയാണ് ബിഷ്ണോയ് ഗ്യാങിന്റെ ക്രൂരതയുടെ ഒടുവിലത്തെ ഇര. എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന സിദ്ധിഖിയെ കഴിഞ്ഞ ശനിയാഴ്ച രാത്രി മുംബൈയിലെ ഈസ്റ്റ് ബാന്ദ്രയിലുള്ള മകന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് വെടിവെച്ചുകൊന്നത്. ബിഷ്ണോയ് ഗ്യാങിലെ മൂന്നുപേരാണ് പലതവണയായി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

കൊലപാതകം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ ആസൂത്രണം ചെയ്യാനും ഇത് നടപ്പാക്കാനും മാത്രം കരുത്തനാണ് ലോറന്‍സ് ബിഷ്ണോയ് എന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോണിലൂടെയാണ് ബിഷ്ണോയ് തന്റെ ഓപ്പറേഷന്‍സ് എല്ലാം നടപ്പാക്കുന്നത്. സബര്‍മതി ജയിലിലായാലും തിഹാര്‍ ജയിലിലായാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോറന്‍സ് ബിഷ്ണോയ് തന്റെ ഗ്യാങ്ങിലുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

700-ല്‍ അധികം ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍ മാത്രം ബിഷ്ണോയ് ഗ്യാങിനായി പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ചെറിയ ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ് ഗ്യാങ് ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ബിഷ്ണോയുടെ സംഘത്തിലുള്ളവര്‍ ഏറ്റെടുക്കുന്ന ക്വട്ടേഷനുകള്‍ ഇത്തരം പ്രാദേശിക ഗുണ്ടകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് ഇത് നടപ്പാക്കുന്നതിനുള്ള ആയുധ പരിശീലനം നല്‍കുകയും കൈനിറയെ പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ് ബിഷ്ണോയ് ഗ്യാങിന്റെ രീതി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project