Monday, December 23, 2024 10:12 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Politics
  3. പട്ടിണി സൂചികയില്‍ ഇന്ത്യ 105-ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍; കുറിപ്പുമായി എ.എ. റഹീം
പട്ടിണി സൂചികയില്‍ ഇന്ത്യ 105-ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍; കുറിപ്പുമായി എ.എ. റഹീം

Politics

പട്ടിണി സൂചികയില്‍ ഇന്ത്യ 105-ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍; കുറിപ്പുമായി എ.എ. റഹീം

October 14, 2024/Politics

പട്ടിണി സൂചികയില്‍ ഇന്ത്യ 105-ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍; കുറിപ്പുമായി എ.എ. റഹീം

തിരുവനന്തപുരം: ലോകപട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ചുണ്ടിക്കാട്ടി രാജ്യസഭാ എം.പി. എ.എ. റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 127 രാജ്യങ്ങളുടെ പട്ടികയിൽ 105ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനമെന്നും അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ പോലും നമ്മളേക്കാൾ ഭേദപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ രാജ്യങ്ങൾ മോഡറേറ്റ് വിഭാഗത്തിൽ വരുമ്പോൾ നമ്മൾ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

1991-ൽ കോൺഗ്രസ് ആരംഭിക്കുകയും ബി.ജെ.പി. സർക്കാരുകൾ കൂടുതൽ ശക്തമായി നടപ്പാക്കുകയും ചെയ്യുന്ന നവലിബറൽ സാമ്പത്തിക നയങ്ങളാണ് ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രാജ്യമാക്കി നമ്മുടെ നാടിനെ മാറ്റിയതെന്നും അദ്ദേഹം കുറിക്കുന്നു. കുറഞ്ഞ ശമ്പളത്തിന്, ഒരു സ്ഥിരതയുമില്ലാതെ, സമ്മർദ്ദങ്ങളുടെ നടുവിൽ ജോലിചെയ്യുന്ന മനുഷ്യരുടേതാണ് ഇന്നത്തെ ഇന്ത്യയെന്നും കരാർ നിയമനങ്ങളും പുറം കരാർ ജോലികളുമാണ് നവലിബറൽ നയങ്ങളുടെ സ്റ്റൈൽ എന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനസംഖ്യയുടെ 13.7 ശതമാനം പോഷകാഹാരക്കുറവുള്ളവരാണ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം വളര്‍ച്ച മുരടിച്ചവരാണ്, 2.9 ശതമാനം കുട്ടികള്‍ അഞ്ചു വയസ്സിനു മുന്‍പ് മരിക്കുന്നു!.. ഇന്നലെ പുറത്തുവന്ന 2024 ലെ ലോക പട്ടിണി സൂചികയില്‍ ഇന്ത്യ 105 ആം സ്ഥാനത്ത്. 127 രാജ്യങ്ങളുടെ പട്ടികയിലാണ് നമുക്ക് ഈ പരമ ദയനീയമായ അവസ്ഥ.

ഈ റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും, ബംഗ്ലാദേശും നമ്മളെക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലുമാണ്. മോഡറേറ്റ് വിഭാഗത്തിലാണ് ഈ രാജ്യങ്ങള്‍. എന്നാല്‍,അതീവ ഗുരുതരാവസ്ഥയിലുള്ള വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കൊപ്പം 'ഗുരുതരമായ' വിഭാഗത്തിലുള്ള 42 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു!.
1991 ല്‍ കോണ്‍ഗ്രസ്സ് ആരംഭിക്കുകയും, ബിജെപി സര്‍ക്കാരുകള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രാജ്യമാക്കി നമ്മുടെ നാടിനെ മാറ്റിയത്.

ജീവിത ചിലവ് ഓരോ ദിവസവും ഉയരുന്നു, വരുമാനം ഉയരുന്നില്ല, നിലവിലുണ്ടായിരുന്ന വരുമാനം തന്നെ ഇല്ലാതാകുന്ന മനുഷ്യരുടെ എണ്ണവും ചെറുതല്ല. ഒരുപക്ഷെ,ലോകത്തുതന്നെ ഏറ്റവും നികുതി കൊടുക്കേണ്ടി വരുന്ന പൗരന്മാര്‍ നമ്മുടെ രാജ്യത്താകും. തെഴിലില്ലായ്മ അതിരൂക്ഷം. സ്ഥിരം നിയമനങ്ങള്‍ ഇല്ലാതാകുന്നു. കരാര്‍ നിയമനങ്ങളും പുറം കരാര്‍ (outsourcing) ജോലികളുമാണ് നവലിബറല്‍
നയങ്ങളുടെ സ്‌റ്റൈല്‍.

കുറഞ്ഞ ശമ്പളത്തിന്,ഒരു സ്ഥിരതയുമില്ലാതെ,സമ്മര്‍ദ്ദങ്ങളുടെ നടുവില്‍ ജോലിചെയ്യുന്ന മനുഷ്യരുടേതാണ് ഇന്നത്തെ ഇന്ത്യ. സ്ഥിരം ജോലികള്‍ കരാര്‍ രീതിയിലേയ്ക്ക് മാറിയതോടെ സംവരണവും ഇല്ലാതാകുന്നു... സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ കൂടുതല്‍ പാവപ്പെട്ടവരാകുന്നു...അസമത്വം കൂടുന്നു. വിദ്യാഭ്യാസത്തിനും,ആരോഗ്യത്തിനും,വീടിനും, തുടങ്ങി ഓരോ ദിവസവും കുതിച്ചുയരുന്ന
ജീവിത ചിലവുകള്‍ മീറ്റ് ചെയ്യാന്‍ നവലിബറല്‍ നയം മുന്നോട്ട് വയ്ക്കുന്ന ഒറ്റമൂലി,ബാങ്ക് ലോണാണ്!.

ഇ.എം.ഐകളുടെ നടുവില്‍ ജീവിതം നയിക്കുന്ന മനുഷ്യരാണ് ഇന്നത്തെ ഇന്ത്യയിലെ നമ്മള്‍. ലോണും ഇ.എം.ഐയും ന്യൂ ന്യൂട്രലായ കാലം! നമ്മുടെ പണം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിക്കണം.
ബാങ്ക് ആ പണം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ലോണ്‍ കൊടുക്കും. സാധാരണക്കാരന് വായ്പകള്‍ ലഭിക്കണമെങ്കില്‍ തന്നെ കടമ്പകള്‍ ഒരുപാട്. എന്നാല്‍, ശതകോടികളുടെ കോര്‍പ്പറേറ്റ് വായ്പകള്‍ അനായാസം നടക്കും. സാധാരണ മനുഷ്യന്‍ സര്‍ഫാസി നിയമത്തിന്റെ ഇരകളാകും, കിടപ്പാടം പോകും, എന്നാല്‍, കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിത്തള്ളും!.

ഇന്ധനത്തിന്, മരുന്നിനു, മൊബൈല്‍ സേവനങ്ങള്‍ക്ക് മുതല്‍ വിമാനയാത്രയ്ക്ക് വരെ നിരക്ക് നിശ്ചയിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഒരു റോളുമില്ല. വിപണി അഥവാ കമ്പോളം ജീവിക്കാനുള്ള
വില നിശ്ചയിക്കും. ആവശ്യമുള്ളവര്‍ക്ക് ലോണെടുക്കാം, ഇല്ലാത്തവര്‍ക്ക് ഈ കമ്പോളമത്സരത്തില്‍ തോറ്റു പിന്മാറാം, പട്ടിണി കിടക്കാം, ഇടുങ്ങിയും, ഇരന്നും ജീവിച്ച് തീര്‍ക്കാം. ലോക പട്ടിണി സൂചിക രാജ്യത്തിന്റെ കണ്ണ് തുറപ്പിക്കണം.

അടിയന്തിരമായി നമ്മുടെ രാജ്യത്തിന്റെ പ്രയോരിറ്റിയില്ലെങ്കിലും മാറ്റം വരുത്തിയേ മതിയാകൂ. അവശ്യസാധനങ്ങള്‍, ഇന്ധനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര, കാര്‍ഷിക മേഖല തുടങ്ങി നിത്യ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന എല്ലാ മേഖലകളിലും സ്റ്റേറ്റ് അഥവാ സര്‍ക്കാരിന്റെ ഇടപെടല്‍ ഉയര്‍ത്തണം. ഒഴിഞ്ഞു കിടക്കുന്ന ലക്ഷക്കണക്കിന് സ്ഥിരം തസ്തികകളില്‍ അടിയന്തിരമായി നിയമനങ്ങള്‍ നടത്തണം. സാധാരണക്കാരന് സഹായകരമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മാറണം. നവലിബറല്‍ നയങ്ങള്‍ നാടിനെ പട്ടിണിയിലേയ്ക്ക് നയിക്കുന്നു. ഈ നയത്തിനെതിരായ സമരമാവുക.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project