നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കുരിശുപള്ളിയുടെ ചില്ലുകൾ തകർത്തു, ജീപ്പ് കുത്തിമറിച്ചു; മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി
ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലയിലെ കാട്ടാന ശല്യം മാറ്റമില്ലാതെ തുടരുന്നു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം ഉണ്ടായത്. എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു. ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനമാണ് കാട്ടാന കുത്തിമറിച്ചത്. സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കാട്ടാന കേടുപാടുകള്‍ വരുത്തി. കുരിശുപള്ളിയുടെ ചില്ലുകള്‍ കാട്ടാന തകര്‍ത്തു.
വിവിധ എസ്റ്റേറ്റുകളില്‍ ഇപ്പോഴും കാട്ടാനകള്‍ ഇറങ്ങി ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയുണ്ട്. പ്രദേശവാസികള്‍ വിവരമറിയിച്ചതോടെ വനപാലകരെത്തി പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തി. എന്നാല്‍ വീണ്ടും കാട്ടാനകള്‍ തിരികെയെത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ദിവസം കഴിയുന്തോറും മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളില്‍ കാട്ടാനകളുടെ ശല്യം വര്‍ധിച്ച് വരുന്നത് തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.