നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഒന്നരവര്‍ഷത്തിനുശേഷം ഒറ്റത്തവണയായി ശമ്പളം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി. ഇന്നു മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാകുമെന്നു മാനേജ്‌മെന്റ് അറിയിച്ചു. ഒന്നരവര്‍ഷത്തിനുശേഷം ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത് ആദ്യമായാണ്. പെന്‍ഷന്‍ വിതരണം നേരത്തേ ആരംഭിച്ചിരുന്നു. 22,000ൽ ഏറെ സ്ഥിരജീവനക്കാര്‍ക്കാണ് ഒറ്റഗഡുവായി ശമ്പളം ലഭിക്കുന്നത്
ഒക്‌ടോബര്‍ മുതല്‍ എല്ലാ മാസവും ആദ്യ ആഴ്ച തന്നെ ഒറ്റഗഡുവായി ശമ്പളം വിതരണം ചെയ്യാനാണു തീരുമാനം. ഇതിനായി ഓവര്‍ ഡ്രാഫ്റ്റായി ബാങ്കില്‍നിന്ന് 100 കോടി രൂപ എടുക്കും. 80 കോടിയോളം രൂപയാണു ശമ്പളത്തിനായി വേണ്ടത്. 11-ന് ശമ്പളം നല്‍കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 30 കോടി രൂപ അനുവദിച്ചിരുന്നു. ഓണക്കാലമായിട്ടും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധസമരം പ്രഖ്യാപിച്ചിരുന്നു.