Monday, December 23, 2024 9:56 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. അതിര്‍ത്തിയിലെ സമാധാനത്തിന് മുന്‍ഗണന നല്‍കണമെന്ന് മോദി,
അതിര്‍ത്തിയിലെ സമാധാനത്തിന് മുന്‍ഗണന നല്‍കണമെന്ന് മോദി,

International

അതിര്‍ത്തിയിലെ സമാധാനത്തിന് മുന്‍ഗണന നല്‍കണമെന്ന് മോദി,

October 24, 2024/International

അതിര്‍ത്തിയിലെ സമാധാനത്തിന് മുന്‍ഗണന നല്‍കണമെന്ന് മോദി, ഷി ജിങ് പിന്നുമായുള്ള കൂടിക്കാഴ്ചയില്‍ പരസ്പര സഹകരണത്തിന് ഊന്നല്‍

ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചെപ്പടുത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. പരസ്പരവിശ്വാസവും പരസ്പരബഹുമാനമാണ് സഹകരണത്തിന് അടിത്തറയാകേണ്ടതെന്നും മോദി വ്യക്തമാക്കി. ഇന്ത്യാ – ചൈന അതിര്‍ത്തി ധാരണ ചര്‍ച്ചയില്‍ മോദി സ്വാഗതം ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി.

അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിങ്ങിനായി ഇന്ത്യയുമായി ധാരണയായതിനെ തുടര്‍ന്നാണ് കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി ജിങ് പിന്‍ കൂടിക്കാഴ്ച നടന്നത്. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടേയും പ്രത്യേക പ്രതിനിധികളടങ്ങിയ സമിതി എത്രയും വേഗം യോഗം ചേരാനും ധാരണയായി.

ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ആഗോള സ്ഥാപനങ്ങളായ യു എന്‍ സുരക്ഷാ കൗണ്‍സില്‍, ഡവപ്മെന്റ് ബാങ്കുകള്‍, ലോക വ്യാപാര സംഘടന എന്നിവയില്‍ പരിഷ്‌കരണങ്ങള്‍ക്കായി സമയബന്ധിതമായി നീങ്ങണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ബ്രിക്സിന്റെ ന്യൂ ഡവലപ്മെന്റ് ബാങ്കിന് ക്രിയാത്മകമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞുവെന്നും ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് സഹായം നല്‍കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു. അംഗരാജ്യങ്ങള്‍ കസാന്‍ പ്രഖ്യാപനം അംഗീകരിച്ചുവെന്നും ഐക്യരാഷ്ട്ര സഭയ്ക്ക് പ്രഖ്യാപനം കൈമാറുമെന്നും ഉച്ചകോടിക്ക് അധ്യക്ഷ്യം വഹിച്ച റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന്‍ വ്യക്തമാക്കി.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് യു എ ഇ, ഈജിപ്ത്, എത്യോപ്യ, ഇറാന്‍ എന്നീ നാലു പുതിയ രാജ്യങ്ങള്‍ എത്തിയശേഷം നടക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. തുര്‍ക്കി, അസര്‍ബൈജാന്‍, മലേഷ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ ബ്രിക്സില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നാറ്റോ സഖ്യത്തിലുള്‍പ്പെട്ട തുര്‍ക്കിയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിലേക്ക് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ എത്തിയിരുന്നു. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.. ഗുട്ടറസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും യു എന്നിന്റെ സല്‍പ്പേരിന് അത് കോട്ടം തട്ടിക്കുമെന്നും യുക്രൈയ്ന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project